കണ്ണൂർ: പ്രവാസി മലയാളികളുടെയും ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെയും വരവോടെ കണ്ണൂരിൽ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തിൽ വർധന. ഇന്നലെ വരെ നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 2847 മാത്രമായിരുന്നു. ഇന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3447 പേരായി ഉയർന്നിട്ടുണ്ട്. ഇവരിൽ 51 പേർ ആശുപത്രിയിലും 3396 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 34 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഏഴ് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ അഞ്ച് പേരും കണ്ണൂർ ജില്ലാശുപത്രിയിൽ അഞ്ച് പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 4665 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4580 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 4334 എണ്ണം നെഗറ്റീവാണ്. 85 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ദുബായിയിൽ നിന്നും എത്തിയ കടമ്പൂർ സ്വദേശിയായ ഇരുപത് കാരനും ചെന്നൈയിൽ നിന്നെത്തിയ 24 കാരനുമാണ് ഇന്നലെ വൈറസ് ബാധിതരായി അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരടക്കം ചികിത്സയിലുള്ള രോഗികൾ അഞ്ചായിട്ടുണ്ട്. കതിരൂർ, പാട്യം, കേളകം മേഖലകൾ ഇപ്പോൾ ഹോട്ട്സ്പോട്ട് മേഖലകളായി തുടരുകയാണ്.