bindhu-ammini-

കണ്ണൂർ: രഹ്ന ഫാത്തിമയെ പിരിച്ചു വിട്ടുകൊണ്ടുള്ള ബി.എസ്.എൻ.എല്ലിന്റെ നടപടി സംഘ പരിവാർ താത്പര്യമാണെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ സാധാരണ സസ്പെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷെ, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാലേ പിരിച്ച് വിടൽ നടപടിയിലേക്ക് കടക്കാറുള്ളൂ. പക്ഷെ, ഇവിടെ കേസ് നടക്കുമ്പോൾ തന്നെ ഇത്തരം നടപടികൾ സ്വീകരിക്കുകയാണ്. തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്ന രീതിയാണിത്. ആശയ-ആവിഷ്കാരങ്ങൾ പ്രകടിപ്പിക്കാൻ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണിത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു രഹ്ന ഫാത്തിമയുടെ ഇടപെടൽ. ബി.എസ്.എൻ.എല്ലിന്റെ സൽപ്പേരിനെ ബാധിച്ചെന്നാണല്ലോ ഇവരുടെ ന്യായീകരണം. ഇവിടെ കൂട്ടബലാത്സംഗം നടന്ന കേസുകളിൽ പോലും ഇത്തരം നടപടി ഉണ്ടാകാറില്ല. ഫേസ്ബുക്കിൽ പോസ്റ്റിട്ട ആരെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുന്നതിലൂടെ കടുത്ത തൊഴിൽ നിയമ ലംഘനമാണ് ചെയ്യുന്നത്. സദാചാരക്കാർക്ക് വേണ്ടിയുള്ള തീരുമാനമാണിത്.

ലോക്ക്ഡൗൺ കാലത്ത് നടപടിയെടുക്കുമ്പോൾ രഹ്നയെ ഇപ്പോൾ താമസിക്കുന്ന ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ നിന്നും ഒഴിപ്പിക്കാനാകും നീക്കം. അവരുടെ ജീവിക്കാനുള്ള അവകാശത്തിന് മേലെയുള്ള കടന്നു കയറ്റമാണിത്. രഹ്ന നിയമ നടപടി തുടങ്ങിയാൽ എല്ലാ സഹായവുമുണ്ടാകും. കോടതി ഇക്കാര്യത്തിൽ അനുകൂലമായി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു അമ്മിണി പറഞ്ഞു.