നീലേശ്വരം: ലോക്ക് ഡൗൺ വന്നതിനെ തുടർന്ന് നിർത്തിവച്ച നീലേശ്വരം - ഇടത്തോട് റോഡ് വീതികൂട്ടൽ പുനരാരംഭിച്ചു. മെക്കാഡം ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടാനും കയറ്റം കുറക്കാനുമായി കിളച്ചിട്ടിരുന്നു. കാലവർഷം വരുന്നതിനു മുമ്പ് പണി തീർക്കാനാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോൾ പണി ആരംഭിച്ചത്.
പാലായി വളവ്, പാലാത്തടം കാമ്പസ്, ഇടിചൂടി, കൂവാറ്റി വളവ് എന്നിവിടങ്ങളിലാണ് റോഡ് വീതി കൂട്ടാനും, കയറ്റം കുറക്കാനും കിളച്ചിട്ടത്. റോഡ് കിളച്ചിട്ടതോടെ ഈ ഭാഗങ്ങളിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടി ശല്യത്താൽ യാത്ര ദുസ്സഹമായിരുന്നു. അതിനിടയിലാണ് ലോക്ക് ഡൗൺ വന്ന് റോഡ് പണി നിർത്തിവച്ചത്.
റോഡ് കിളച്ചിട്ട ഭാഗങ്ങളിൽ ടാർ ചെയ്യാനാണ് ഇപ്പോൾ തീരുമാനം. ബാക്കി ഭാഗങ്ങളിൽ കാലവർഷത്തിനു ശേഷം പണി ആരംഭിക്കും.
ചെലവ് 30 കോടി
നീലേശ്വരം -ഇടത്തോട് റോഡ് 30 കോടി ചെലവിൽ കിഫ്ബി പദ്ധതിയിലൂടെയാണ് മെക്കാഡം ടാർ ചെയ്യുന്നത്. ഇടത്തോട് മുതൽ മൂപ്പിൽ വരെ പണി പൂർത്തിയായിട്ടുണ്ട്. കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.