തളിപ്പറമ്പ്: സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഭക്ഷ്യവസ്തു കിറ്റുകൾ നൽകാനൊരുങ്ങി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിലെ വാത്സല്യക്കട. മാനേജർ പി.കെ സുബൈറിന്റെ നിർദ്ദേശപ്രകാരമാണ് കിറ്റ് വിതരണം നടത്തുന്നത്. എട്ടാംതരം മുതൽ പ്ലസ്ടു വരെയുളള മൂവായിരത്തി അറുന്നൂറോളം കുട്ടികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതിന് ഏകദേശം ഇരുപത് ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
മാനേജ്‌മെന്റും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് സമാഹരിച്ച തുകയോടൊപ്പം കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്‌കൂളിൽ നടപ്പിലാക്കി വരുന്ന തണൽ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ സ്വരൂപിച്ച തുകയും ചേർത്താണ് കിറ്റ് വിതരണം ചെയ്യുന്നത്. സ്‌കൂളിൽ ആരംഭിച്ച വാത്സല്യക്കട വഴി കിറ്റ് വിതരണം ചെയ്യും.
ഇരുപത്തിഅഞ്ചോളം വിഭവങ്ങൾ സമാഹരിച്ച കടയിൽ വിലവിവരപട്ടികയിൽ വിലയുടെ സ്ഥാനത്ത് പൂജ്യം മാത്രമേയുളളൂവെന്നതും കാഷ് കൗണ്ടറിനു പകരം സർവ്വീസ് കൗണ്ടറാണുളളതെന്നതും പ്രത്യേകതയാണ്. പൊതുപ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളുമായ എ.പി നാസർ, പി. അനസ്, കെ.പി ഷാഹുൽ, പി. റാഫി എന്നിവരുടെ നേതൃത്വത്തിലാണ് വാത്സല്യക്കടയിലേക്കുളള ഭക്ഷ്യവസ്തുക്കൾ വേർതിരിച്ച് സജ്ജമാക്കിയത്.
മൂന്നു തരത്തിലുളള കിറ്റുകളാണ് ഇവിടെ തയ്യാറാക്കിയിട്ടുളളത്. കിറ്റുകളിൽ ഉൾപ്പെട്ട സാധനങ്ങളുടെ പട്ടിക ഒരോ ക്ലാസിന്റെയും ചുമതലയുളള അദ്ധ്യാപകർ കുട്ടികൾക്ക് നൽകിയിരുന്നു. ഇത് അനുസരിച്ച് കുട്ടികൾ തങ്ങൾക്ക് ആവശ്യമുളള സാധനങ്ങളടങ്ങിയ കിറ്റ് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ കിറ്റിന് ഓൺലൈനായി ആവശ്യപ്പെട്ടത്. സ്‌കൂൾ ബസുകളിലാണ് കിറ്റുകൾ എത്തിക്കുകയെന്നും മാനേജർ പി.കെ സുബൈർ പറഞ്ഞു. ലളിതമായ ചടങ്ങിൽ കെ.എം ഷാജി എം.എൽ.എ കിറ്റ് വിതരണം നടത്തുന്ന വാത്സല്യക്കടയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.