കാസർകോട് :സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ചു പരസ്യമായി ഇടപെട്ട പൊതുപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുമായി അടുത്ത് ഇടപഴകിയ കാര്യം മറച്ചുവച്ചതിനാണ് മഞ്ചേശ്വരം പൊലീസ് നേതാവിനെതിരെ എഫ്.ഐ. ആർ. രജിസ്റ്റർ ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനും കുടുംബവും ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.എം.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് എതിരെ നടപടി എടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ഡി. സജിത് ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു.
മഞ്ചേശ്വരത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം കടയുടമക്കെതിരെയും പൊലീസ് കേസെടുത്തു. ജില്ലയിൽ കൊവിഡ് 19 വ്യാപനം തടയാൻ മാർച്ച് 22 ന് ജില്ലാ കളക്ടർ ഉത്തരവിട്ട സി.ആർ.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കടകളിൽ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് നടപടി.
അതിനിടെ കുവൈത്തിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അജാനൂർ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് ഇന്നലെ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.