ചെറുവത്തൂർ: യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുരുങ്ങിയ ബോട്ടും അതിലെ ആറു തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷിച്ചു. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചാണ് ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ഇന്നലെ വെളുപ്പിന് 4 മണിക്ക് മടക്കര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ എം.ആർ.സി. എന്ന ബോട്ടും അതിലെ ജിത്തു (34), ദീപേഷ് (36), സുന്ദരൻ (38), ഇല്യാസ് ( 40), ബബീഷ് (28), ബാലകൃഷ്ണൻ (48) എന്നീ തൊഴിലാളികളുമാണ് കടലിൽ കുടുങ്ങിയത്.

കാഞ്ഞങ്ങാട് മീനാപ്പീസിന് 12 കിലോമീറ്റർ പടിഞ്ഞാറ് കടലിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ കാഞ്ഞങ്ങാട് ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശന്റെ നിർദ്ദേശ പ്രകാരമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

7 മണിക്ക് കടലിൽ തിരയാൻ പോയ ഫിഷറീസ് രക്ഷാബോട്ട് 11 മണിയോടെ മുഴുവൻ തൊഴിലാളികളെയും തകരായ ബോട്ടും സുരക്ഷിതമായി കരയിലെത്തിച്ചു. മടക്കരയിലെ മുത്തലീബിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും കൂറ്റൻ തിരമാലകളും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഫിഷറീസ് റസ്ക്യു ഗാർഡ് പി. മനു, ഒ. ധനീഷ്, എം. സനിഷ്, നാരായണൻ, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ബോട്ടിലുണ്ടായിരുന്നത് 6 പേർ

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു