കാസർകോട്: കൊവിഡ് ബാധിത പ്രദേശത്ത് പ്രവർത്തിക്കുന്ന കാസർകോട് ഭെൽ കമ്പനി മാനദണ്ഡങ്ങൾ പാലിച്ചു തന്നെ തുറക്കാൻ തീരുമാനം. കമ്പനി തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങൾ മുഴുവൻ ക്ലീൻ ചെയ്തു. ഓഫീസും വർക്ക് ഏരിയയും ഗേറ്റ് മുതൽ കമ്പനി പടിക്കൽ വരെയുള്ള വഴിയും അണുനശീകരണം നടത്തി.

പുറത്തുനിന്നുള്ളവർ കൂടുതലായി വരുന്നില്ലെങ്കിലും ജീവനക്കാർ പല ഭാഗത്തു നിന്നുള്ളവരായതിനാൽ ആൾ പെരുമാറ്റം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സ്ഥലവും അണുനശീകരണം നടത്തിയിട്ടുണ്ട്. തലപ്പാടി അതിർത്തിയിലെ ഡ്യൂട്ടിയിൽ ആയതിനാൽ ഫയർഫോഴ്സിന് എത്തിച്ചേരാൻ പ്രയാസമായതിനാൽ സ്വന്തമായി സ്പ്രേ ചെയ്യാനുള്ള പമ്പും ഉപകരണങ്ങളും സാനിറ്റൈസറും വാങ്ങിച്ചാണ് അണു നശീകരണവും ശുചീകരണ നടപടികളും പൂർത്തിയാക്കിയത്.

ഭെല്ലിലെ മുഴുവൻ യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തതിനുശേഷം ചൊവ്വാഴ്ച മുതൽ കമ്പനി തുറക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എച്ച്.ഒ.ഡി മാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സമിതിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 33 ശതമാനം ജീവനക്കാരെ പ്രവേശിപ്പിച്ചു ഘട്ടംഘട്ടമായി കമ്പനി തുറന്നു പ്രവർത്തിക്കും.

നേരത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊവിഡ് ബാധിത പ്രദേശത്തെ കമ്പനി തുറന്നു പ്രവർത്തനം ആരംഭിക്കാനുള്ള നീക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു. രണ്ട് മാസമായി അടച്ചിട്ട കമ്പനി തുറക്കുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു എച്ച്.ആർ. ഹെഡ് വി.എസ് സന്തോഷ്,‌ ഭെല്ലിലെ ഓഫീസർമാർക്ക് തലേന്ന് അർദ്ധരാത്രി മെയിൽ അയച്ചതാണ് വിവാദമായത്. ലോക്ക് ഡൗൺകാലത്ത് പൂട്ടിയ കമ്പനി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ തുറക്കുന്നതിനെ ജീവനക്കാർ എതിർക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കമ്പനി തുറക്കാൻ അല്ല മെയിൽ അയച്ചതെന്നും കാര്യങ്ങൾ ചർച്ച ചെയ്യാൻ എച്ച്.ഒ. ഡിമാരുടെ യോഗം വിളിക്കുകയാണ് ചെയ്തതെന്നും വിശദീകരിച്ചു രക്ഷപ്പെടാനാണ് കമ്പനി അധികൃതർ അന്നു ശ്രമിച്ചത്.