കൂത്തുപറമ്പ്: വാളാങ്കിച്ചാലിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഇടിമിന്നലിനെ തുടർന്നാണ് വൻ നാശനഷ്ടം സംഭവിച്ചത്. വാളാങ്കിച്ചാൽ ജംഗ്ഷനിലെ വി അബ്ദുൾ നാസറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി, ഫ്രൂട്ട്സ് സ്റ്റാൾ, സ്റ്റേഷനറി എന്നിവ അടങ്ങിയ കടയാണ് പൂർണമായും കത്തിനശിച്ചത്.
കടക്കകത്ത് തീയും പുകയും കണ്ടതിനെ തുടർന്ന് നാട്ടുകാർ കൂത്തുപറമ്പ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചെങ്കിലും ഫർണിച്ചറുകളും സാധനങ്ങളുമടക്കം മുഴുവനും കത്തിനശിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി കടയുടമ പറഞ്ഞു.