കണ്ണൂർ: 'എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്ത മാത്രമായിരുന്നു. എന്ത് ബുദ്ധിമുട്ടും നേരിടാൻ ഒരുങ്ങിയാണ് നാട്ടിലേക്ക് വന്നത്. ഇവിടെയെത്തിയാൽ പേടിക്കാനില്ലെന്നറിയാം. കൊവിഡ് കെയർ സെന്ററുകളിൽ കഴിയേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇവിടെ കഴിയുമ്പോൾ തോന്നുന്നത് ഈ കരുതലും സുരക്ഷിതത്വവും മറ്റെവിടെയും കിട്ടില്ല എന്നാണ്'. കൊവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ കഴിയുന്ന ജോജുവിന്റെ വാക്കുകളാണിത്.

മലേഷ്യയിൽ നിന്ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശിയായ ജോജു കണ്ണൂരിലെ അൾട്ടിമേറ്റ് റസിഡൻസിയിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് ജോജു നാട്ടിൽ എത്തിയത്. മലേഷ്യയിൽ നിന്ന് വരുമ്പോൾ വിമാനത്താവളത്തിൽ നിന്ന് ശരീര താപനില പരിശോധിച്ചിരുന്നു. നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിന്റെ ആദ്യ ദിവസം ഡോക്ടർ പരിശോധിച്ചു. ആരോഗ്യ പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കൂടാതെ എന്ത് ആവശ്യത്തിനും വിളിപ്പാടകലെ ഹോട്ടലിൽ വളണ്ടിയർമാരുമുണ്ട്.

പഞ്ചായത്ത് അധികൃതർ, പൊലീസ് എന്നിവർ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഭക്ഷണം കൃത്യസമയത്ത് എത്തിക്കും. നല്ല വെജിറ്റേറിയൻ ഭക്ഷണമാണ്. മുറി സ്വയം വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടിൽ, കിടക്ക, തുണികൾ വെക്കുന്നതിനുള്ള അലമാര എന്നിവയുണ്ട്. രാവിലെ പത്രവും കിട്ടും. പതിനാല് ദിവസത്തെ ക്വാറന്റൈനിനു ശേഷം വീട്ടിൽ എത്തി തുടർന്ന് ഹോം ക്വാറന്റൈനിൽ നിൽക്കാൻ തയ്യാറായിരിക്കുകയാണ്. വീട്ടിലെ പ്രായമായ മാതാപിതാക്കളോട് ബന്ധു വീട്ടിലേക്ക് മാറാൻ പറഞ്ഞിട്ടുണ്ടെന്നും ജോജു പറയുന്നു. ജോജുവിനെ കൂടാതെ മലേഷ്യയിൽ നിന്നും എത്തിയ 15 പേരും അവിടെ കഴിയുന്നുണ്ട്.

മാലി ദ്വീപിൽ നിന്നെത്തി തലശ്ശേരിയിലെ സംഗമം റസിഡൻസിൽ ക്വാറന്റൈനിൽ കഴിയുന്ന കമ്പിൽ സ്വദേശിയായ ഷിജുവിനും പറയാനുള്ളത് അവിടെയൊരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ്. കപ്പൽ മാർഗം കൊച്ചിയിൽ എത്തിച്ചേർന്ന് അവിടെ നിന്ന് കെ.എസ്.ആർ.ടി.സിലാണ് ഷിജു കണ്ണൂരിൽ എത്തിയത്. മാലിദ്വീപിൽ നിന്നെത്തിയ മറ്റു 24 പേരും അവിടെ കഴിയുന്നുണ്ട്.