ഇരിട്ടി: ബി.ജെ.പി പ്രവർത്തകന്റെ വീട്ടുകിണറ്റിൽ കോഴി മാലിന്യം തള്ളി. കെ. ശിവശങ്കരന്റെ കീഴൂർ കുന്നിലെ വീട്ടുകിണറ്റിലാണ് കോഴിമാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കിണറിൽ നിന്നും എടുത്ത വെള്ളത്തിന് ദുർഗ്ഗന്ധം ഉള്ളതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കിണർ പരിശോധിക്കുകയായിരുന്നു. വേനൽകാലമായതിനാൽ വെള്ളം നന്നേ കുറവായിരുന്നു. ഇരിട്ടി പൊലീസിൽ വിവരമറിയിച്ചു.
മുഴുവനായും നൈലോൺ വലയിട്ട് മൂടിയതായിരുന്നു കിണർ. ഇതിന്റെ ഒരു വശത്തായി വല കീറിയതായി കണ്ടെത്തി. ഇതിലൂടെ മാലിന്യം കിണറിലേക്ക് നിക്ഷേപിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും.