മട്ടന്നൂർ: മട്ടന്നൂർ- ഇരിക്കൂർ റോഡിൽ കാറിൽ ചെങ്കൽ ലോറിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച കാലത്ത് 11 മണിയോടെ പഴശ്ശിരാജ എൻ.എസ്.എസ് കോളജിന് സമീപമായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വെള്ളിയാംപറമ്പ് ഭാഗത്ത് നിന്ന് ചെങ്കൽകയറ്റി മട്ടന്നൂരിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ യാത്രികരായ മലയ്ക്കുതാഴെ സ്വദേശി ഷൈൻമോഹൻ, ഇല്ലംമൂല സ്വദേശി റസൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ മട്ടന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന വിഭാഗം ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി.പി. രാജീവൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൽദോ വർഗീസ്, ഓഫീസർമാരായ കെ. രവീന്ദ്രൻ, റിനു കുയ്യാലിൽ, കെ.കെ. വിജിൽ, ശരത്ബാബു, വി. പ്രതീഷ്, ഹോം ഗാർഡുമാരായ പി. രവീന്ദ്രൻ, എം.സി. രാധാകൃഷ്ണൻ, കെ.പി. അരുൺലാൽ, മുജീബ് റഹിമാൻ എന്നിവർ ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.