കാസർകോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം ലോട്ടറി ഏജന്റുമാരുടെ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് ലക്ഷകണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകൾ. ടിക്കറ്റുകൾ കെട്ടികിടക്കുന്നത് കാരണം ചെറുകിട ഏജന്റുമാരിൽ ഭൂരിപക്ഷവും കടക്കെണിയിലാണ്.
വില്പന പൂർണ്ണമായും നിർത്തിവെച്ചതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഏജന്റുമാർ അകപ്പെട്ടിരിക്കുന്നത്. ഏജന്റുമാരുടെ കീഴിൽ ലോട്ടറി വിൽക്കുന്നവരും പട്ടിണിയിലാണ്. ഓരോ ഏജന്റുമാരുടെയും കീഴിൽ നൂറും ഇരുന്നൂറും ആളുകൾ വില്പനക്കാരായുണ്ട്. ഇവരുടെ പ്രതിദിന വരുമാനവും വഴിമുട്ടിയിരിക്കുകയാണ്.
ലോട്ടറി ഓഫീസിൽ നിന്ന് മൊത്തമായി വാങ്ങികൊണ്ടുവെച്ചിരുന്ന ടിക്കറ്റുകൾ വിറ്റഴിക്കുന്നതിന് മുമ്പാണ് കൊവിഡ് ലോക്ക് ഡൗൺ വരികയും ലോട്ടറി നറുക്കെടുപ്പ് നിർത്തിവെക്കുകയും ചെയ്തത്. ബാക്കിയായ ടിക്കറ്റുകൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഉറപ്പുകളൊന്നും സർക്കാർ നൽകാത്തതിന്റെ ആശങ്കയിലാണ് ലോട്ടറി മൊത്തക്കച്ചവടക്കാരും ഏജന്റുമാരും. മൊത്തക്കച്ചവടക്കാരുടെ കൈയിൽ അമ്പതും അറുപതും ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ബാക്കിയുണ്ട്. ലോക്ക് ഡൗണിന് മുമ്പ് മാറ്റിവെച്ച നറുക്കെടുപ്പുകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ആ മാസത്തിൽ എട്ട് നറുക്കെടുപ്പ് നടത്തുമെന്നാണ് പറയുന്നത്.
ടിക്കറ്റുകൾ തിരിച്ചെടുക്കണമെന്ന്
മാർച്ച് മാസം വില്പന നടത്തേണ്ടിയിരുന്ന പൗർണ്ണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ ,കാരുണ്യപ്ലസ്, നിർമ്മൽ , കാരുണ്യ, ബമ്പർ തുടങ്ങിയ ലോട്ടറി ടിക്കറ്റുകളാണ് ഏജന്റുമാരുടെ ഷോപ്പുകളിൽ കെട്ടികിടക്കുന്നത്. ഇതിൽ ബമ്പർ നറുക്കെടുപ്പിന്റെ ടിക്കറ്റുകൾ ഏകദേശം വിറ്റുതീർന്നിരുന്നു. കെട്ടികിടക്കുന്ന ലോട്ടറി ടിക്കറ്റുകൾ തിരിച്ചെടുത്തു പുതിയ ടിക്കറ്റുകൾ നൽകണമെന്നാണ് ഏജന്റുമാർ ആവശ്യപ്പെടുന്നതെങ്കിലും സർക്കാരും ഭാഗ്യക്കുറി വകുപ്പും ഇതുവരെ കനിഞ്ഞിട്ടില്ല. അതിന് പുറമെ കോടികണക്കിന് രൂപയുടെ വരുമാനം സർക്കാരിന് ഉണ്ടാക്കികൊടുക്കുന്ന ലോട്ടറി ഏജന്റുമാർക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് ആയിരം രൂപയാണ് അകെ നൽകിയതെന്നും ലോട്ടറിവിതരണക്കാർ പരാതിപ്പെടുന്നു.
ബൈറ്റ്
ലോക്ക് ഡൗൺ കഴിഞ്ഞാലും ജനങ്ങളുടെ കൈവശം കാശില്ലാത്തതിനാൽ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നത് എളുപ്പമാകില്ല. പൊതുഗതാഗതം ആരംഭിക്കാതെ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിക്കുന്നതിന് പ്രയാസം നേരിടും. പഴയ തീയ്യതി വെച്ച് അച്ചടിച്ച് നൽകിയ ടിക്കറ്റുകൾ ആളുകൾക്ക് വിറ്റഴിക്കാനും സാധിക്കില്ല. ലോട്ടറി വാങ്ങുന്നവർ തീയ്യതി നോക്കി തിരിച്ചു നൽകുന്ന സാഹചര്യം ഉണ്ടാകും. അത് തടയാൻ സർക്കാർ അനുകൂലമായ നടപടി കൈക്കൊള്ളണം. അതല്ലെങ്കിൽ ഏജന്റുമാർ കടക്കെണിയിലായി ആത്മഹത്യ ചെയ്യേണ്ടിവരും.
ഗണേഷ് പാറക്കട്ട
(ന്യു ലക്കി സെന്റർ ഉടമ , കാസർകോട് )