കാഞ്ഞങ്ങാട്: ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരിൽ കൊപ്ര, തേങ്ങ എന്നിവ ഇറക്കിയ ശേഷം ശനിയാഴ്ച രാവിലെ മംഗലാപുരത്തേക്കു പോവുകയായിരുന്ന ഉരു യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി. ഉപ്പള സ്വദേശി അബ്ദുൾ റസാക്കിന്റെ ഉടമസ്ഥതയിലുള്ള എം.എസ്.ബി കൈരളി എന്നു പേരുള്ള 'ഉരു 'കാഞ്ഞങ്ങാട് പുഞ്ചാവി ഫിഷ് ലാൻഡിംഗ് സെന്ററിന് പടിഞ്ഞാറ് പത്തു കിലോമിറ്ററോളം ദൂരെ കടലിലാണ് നിശ്ചലമായത്.
ബാറ്ററി ഡൗണായതു മൂലം എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഫിഷറീസ് റെസ്ക്യു ബോട്ടിന്റെ സഹായം തേടിയെങ്കിലും രാവിലെ ബോട്ട് കടലിൽ കുടുങ്ങി രക്ഷപ്പെടുത്തുന്ന ദൗത്യത്തിലായിരുന്നു അവർ. പകൽ പന്ത്രണ്ടോടെ ബാറ്ററി സംഘടിപ്പിച്ച് ഫിഷറീസ് രക്ഷാ ബോട്ട് ഉരുവിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉരുവിനെ രക്ഷാബോട്ട് കെട്ടി വലിച്ച് അഴീത്തലയിൽ കെട്ടിയിട്ടു.
ഉടമ അബ്ദുൾ റസാക്കാണ് സ്രാങ്ക്. ഇദ്ദേഹത്തെ കൂടാതെ ഗുജറാത്ത് സ്വദേശികളായ നാലുപേരും ഉരുവിലുണ്ടായിരുന്നു. കൊവിഡ് ജാഗ്രത കാരണം ഇവരോട് പുറത്തിറങ്ങാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില പരിശോധിക്കാനും സംവിധാനമൊരുക്കി. കാഞ്ഞങ്ങാട് ഫിഷറീസ് ഡി.ഡി പി.വി സതീശന്റെ നിർദ്ദേശപ്രകാരം കോസ്റ്റൽ എസ്.ഐ വിക്രമൻ, സി.പി.ഒ വിനോദ് കുമാർ, റെസ്ക്യു ഗാർഡുമാരായ പി. മനു, ഒ. ധനീഷ്, ഡ്രൈവർമാരായ നാരായണൻ, കണ്ണൻ എന്നിവരാണ് രക്ഷാ ബോട്ടിലുണ്ടായിരുന്നത്.
ഉരുവിന്റെ യന്ത്രത്തകരാർ പരിഹരിക്കാനായില്ല
ഉരുവിലുണ്ടായിരുന്നത് 5 പേർ
ഇവരുടെ ആരോഗ്യനില പരിശോധിച്ചു പുറത്തിറങ്ങാതിരിക്കാൻ നിർദ്ദേശം നല്കി