കണ്ണൂർ: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81കാരനും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കതിരൂർ സ്വദേശി 41കാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത്.
ഇതോടെ ജില്ലയിൽ കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 118 ആയി. ബാക്കി മൂന്നു പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.
നിലവിൽ കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4686 പേരാണ്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഏഴ് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ആറ് പേരും കണ്ണൂർ ജില്ലാശുപത്രിയിൽ ആറ് പേരും വീടുകളിൽ 4644 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെ 4715 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4664 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 4418 എണ്ണം നെഗറ്റീവാണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെയായി 121 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.