തളിപ്പറമ്പ്:നാട്ടിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച ജാർഖണ്ഡുകാരായ 42 തൊഴിലാളികളെ പൊലീസ് പിടികൂടി തിരിച്ചയച്ചു. ഇന്നലെ പുലർച്ചെ ശ്രീകണ്ഠാപുരം പൊലീസ് പരിധിയിൽ വളക്കൈയിൽ വച്ചാണ് ഇവരെ പിടികൂടിയത്. മയ്യിൽ കൊളച്ചേരിൽ താമസിച്ച് നിർമ്മാണ ജോലികൾ ചെയ്തുവരുന്ന ഇവർ കഴിഞ്ഞയാഴ്ച കണ്ണൂരിൽ നിന്നും ജാർഖണ്ഡിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും അങ്ങോട്ടേക്കുള്ള ട്രെയിൻ പിന്നീട് റദ്ദാക്കുകയായിരുന്നു. ഇതേതുടർന്ന് ജോലിക്കാർ പലരും കടുത്ത നിരാശയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇവർ കൊളച്ചേരിയിൽ നിന്നും കാൽനടയായി യാത്ര തുടങ്ങിയത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് വളക്കൈയിലെത്തിയത്. സംസ്ഥാനപാത വഴി തളിപ്പറമ്പിലേക്ക് നീങ്ങിയ ഇവരെ വിവരമറിഞ്ഞെത്തിയ ശ്രീകണ്ഠാപുരം പൊലീസ് തടഞ്ഞു. തലപ്പാടിയിലെത്തി അവിടെനിന്നും ട്രക്കുകളിൽ ജാർഖണ്ഡിലേക്ക് പോകാനായിരുന്നു ഇവരുടെ നീക്കം. പൊലീസ് ഏർപ്പെടുത്തിയ പ്രത്യേക വാഹനത്തിൽ ഇവരെ തിരിരെ കൊളച്ചേരിയിലെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു.