covid-19

കാസർകോട് : കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ട നിലപാടുകളിൽ ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച് സി.പി.എം നേതാവ്. അതേസമയം പാർട്ടി എന്തു നടപടി എടുത്താലും അത് അംഗീകരിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുവിനെ ചരക്കു ലോറിയിൽ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന് തലപ്പാടി അതിർത്തി കടത്തിയെന്ന് ആരോപണം നേരിടുന്ന സി.പി.എം മുൻ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയാണ് നിലപാടുകൾ വ്യക്തമാക്കി പ്രതികരിച്ചത്.

പൊതുപ്രവർത്തകനും ഭാര്യയും രണ്ടു കുട്ടികളും ബന്ധുവും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. നിയമാനുസരണം നോർക്കയിൽ രജിസ്റ്റർ ചെയ്തു പാസ് എടുത്തശേഷം തലപ്പാടി അതിർത്തി കടന്നുവന്ന ബന്ധുവിനെ നേരിട്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണ് ചെയ്തത്. പാസ് ഉപയോഗിച്ചാണ് കടന്നു വന്നതെന്നും വീട്ടിലേക്ക് കാറിൽ പോയതെന്നും ആരോഗ്യവകുപ്പ് അധികൃതർക്ക് അറിവുള്ളതാണ്. എല്ലാ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാണ് ചെയ്തിട്ടുള്ളത്.

ഇതിനിടയിൽ ക്യാൻസർ രോഗിയെയും കൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോകുന്നതിന് യാത്ര ചെയ്തത് വീഴ്ചയാണെന്ന് കരുതുന്നുവെന്നും നേതാവ് പറയുന്നു. ഇതാണ് യാഥാർത്ഥ്യം, നിയമവിധേയം അല്ലാതെ ആരെയും കടത്തികൊണ്ടു വന്നിട്ടില്ലെന്നും സി.പി.എം നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രിയും സർക്കാരും ആവർത്തിച്ച് ആവശ്യപ്പെടുന്ന ജാഗ്രത നിർദ്ദേശം പാലിക്കാൻ തയ്യാറാകാത്ത പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിലാണ് ജാഗ്രത കുറവ് സംഭവിച്ചതിന് ഏതു നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്ന് അബ്ദുറസാഖ് വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ സി.പി.എം നേതൃത്വം വിശദീകരണം തേടാൻ സാധ്യതയുണ്ട്. രോഗം ഭേദമായി ആശുപത്രി വിട്ടാൽ പാർട്ടി നടപടികൾ തുടങ്ങും എന്നാണ് അറിയുന്നത്. ഈ നേതാവിനെ മാറ്റിനിർത്തി സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനം മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെ പാർട്ടി നേതൃത്വം ചുമതല ഏൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊതുപ്രവർത്തകനും ഭാര്യക്കും എതിരെ മഞ്ചേശ്വരം പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഏരിയ കമ്മറ്റി മെമ്പർ പാസില്ലാതെ ആരെയും കടത്തി കൊണ്ടുവന്നിട്ടില്ലെന്ന് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജു മാത്യു പറഞ്ഞു. അടുത്ത രണ്ട്‌ ബന്ധുക്കളെ നാട്ടിൽ എത്തിക്കാൻ അദ്ദേഹം പാസിന് അപേക്ഷിച്ച കാര്യം എനിക്ക് അറിയാം. അതിന്റെ ഐ ഡി പ്രൂഫ് എന്റെ കൈയിലുണ്ട്. വ്യാജ പ്രചരണം നടത്തി വ്യക്തിഹത്യ നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് സിജി മാത്യു പറഞ്ഞു.