കരിന്തളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് മുഴുവൻ തരിശു നിലങ്ങളിലും കൃഷി ചെയ്യാൻ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി പഞ്ചായത്ത്തല അഗ്രികൾച്ചറൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. പഞ്ചായത്തിലെ കൃഷിക്കനുയോജ്യമായ ഭൂമി കണ്ടെത്തി 20 നകം സർവ്വേ റിപ്പോർട്ട് തയ്യാറാക്കുവാനും വാർഡ്തല ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കാനുമാണ് തീരുമാനം.
20 നകം സർവ്വേ പൂർത്തിയാക്കും. സർവ്വെ നടത്തുന്നതിന് ആവശ്യമായ ആപ് ലിങ്ക് ലഭ്യമാക്കും. കൃഷി ചെയ്യാനാവശ്യമായ വിത്ത് കൃഷി ഭവനും പഞ്ചായത്തും ലഭ്യമക്കുന്നതോടൊപ്പം വാർഡ്തല ടാസ്ക്ക് ഫോഴ്‌സ് നേതൃത്വത്തിൽ പ്രാദേശികമായും വിത്ത് സമാഹരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയുടെ അദ്ധ്യക്ഷതയിൽ പദ്ധതി പ്രവർത്തനങ്ങൾ പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി.എൽ. സുമ വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ എന്നിവർ സംസാരിച്ചു.
വിത്ത് ഇക്കോ ഷോപ്പ് വഴി
കൃഷിക്കാവശ്യമുള്ള വിത്ത് പ്രാദേശിക കർഷകരിൽ നിന്നും ഇക്കോ ഷോപ്പ് മുഖേന സമാഹരിക്കുവാൻ തീരുമാനമായി. സഹകരണ സംഘങ്ങൾ, വ്യക്തികൾ, ജെ.എൽ.ജി ഗ്രൂപ്പുകൾ, കുടുംബശ്രീ, പുരുഷ സംഘങ്ങൾ എന്നിവരൊക്കെ കാർഷിക രംഗത്തേക്ക് വരാനാവശ്യമായ സാങ്കേതിക സഹായം കൃഷിഭവൻ മുഖേന ഉറപ്പ് വരുത്തും. ഓരോ വാർഡിലും തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി കൃഷി ചെയ്യാനാണ് പദ്ധതി.
ബൈറ്റ്
വാർഡ് അടിസ്ഥാനത്തിൽ കൃഷിക്കനുയോജ്യമായ മുഴവൻ സ്ഥലങ്ങളും സർവ്വെ നടത്തി കണ്ടെത്താൻ വാർഡ് തലത്തിൽ അഗ്രികൾച്ചറൽ ടാസ്ക്ക് ഫോഴ്‌സ് രൂപീകരിക്കും.
എ വിധുബാല, കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്