നീലേശ്വരം: നഗരസഭയിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി ബാധിച്ചതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പാലായി, പൂവത്തുംകുണ്ട് പ്രദേശങ്ങളിലാണ് രോഗബാധയുണ്ടായത്. ഇവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നീലേശ്വരം താലൂക്ക് ആശുപത്രിയിലെയും ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റിലെയും ജീവനക്കാർ, കൗൺസിലർമാർ, ആശ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാലു തവണയായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ, സ്‌പ്രേയിംഗ്, ഫോഗിംഗ്, ബോധവൽക്കരണ ലഘുലേഖ വിതരണം എന്നിവ നടത്തുകയുണ്ടായി.
വാർഡ്തല ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യവാരം തന്നെ വാർഡിൽ ആകെയുള്ള 238 വീടുകളിലും കവുങ്ങിൻ തോട്ടങ്ങളിലും മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രതാ സമിതിയംഗങ്ങൾ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
പ്രവർത്തനങ്ങൾക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, കൗൺസിലർ പി.എം മനോഹരൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ്, ജില്ലാ മലേറിയ ഓഫീസർ പ്രകാശ്കുമാർ, ഹെൽത്ത് സൂപ്പർവൈസർ ബി. നന്ദകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എം. ശശിധരൻ, വെക്ടർ കൺട്രോൾ ജീവനക്കാരായ എ.വി ദാമോദരൻ, കെ.പി ഗീത, കെ. തങ്കമണി, ജിതേഷ്, മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. പ്രസീത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.സി നിഷ, ആശാ വർക്കർമാരായ കെ. വി. പത്മിനി, കെ. ശൈലജ, പി.വി ലീന എന്നിവർ നേതൃത്വം നൽകി.