കണ്ണൂർ: ലോക്ക് ഡൗണിൽ എല്ലാവരും കൂട്ടിനുള്ളിലായപ്പോൾ അദ്ധ്യാപകനായ പി.വി. പത്മനാഭന് കൂട്ടായത് തന്റെ ശേഖരത്തിലെ അപൂർവങ്ങളായ 200 പക്ഷിക്കൂടുകളാണ്. ആനറാഞ്ചി,ഇരട്ടത്തലച്ചി ബുൾ ബുൾ, അങ്ങാടിക്കുരുവി, താലിവാലൻ എന്നിങ്ങനെ നിരവധി പക്ഷികളുടെ വൃത്യസ്തങ്ങളായ കൂടുകൾ പത്മനാഭന്റെ ശേഖരത്തിലുണ്ട്. കമ്പിവാലന്റെ കളിമൺകൂട്, ഇത്തിൾക്കണ്ണി കുരുവിയുടെ അപ്പുപ്പൻ താടി കൂട് എന്നിങ്ങനെ...
പയ്യന്നൂർ വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ പത്മനാഭന്റെ വിഷയം സോഷ്യോളജിയാണെങ്കിലും പക്ഷിക്കൂടുകളെപ്പറ്റി പഠിക്കുന്ന കാലിയോളജിയിലാണ് കമ്പം. അവധി കിട്ടുമ്പോൾ തെരുവോരങ്ങളിലും കാട്ടിലും മേട്ടിലുമെല്ലാം കൂടുതേടി ഇറങ്ങും. ലോക്ക് ഡൗൺ കാലത്തും അടുത്തുള്ള പറമ്പുകളിൽ നിന്നും പാടങ്ങളിൽ നിന്നുമെല്ലാം കൂടുകൾ ശേഖരിച്ചു. ഒരു കൂട്ടിൽ അധികകാലം പക്ഷികൾ താമസിക്കാറില്ല. അവ ഉപേക്ഷിക്കുന്ന കൂടുകളാണ് ശേഖരിക്കുന്നത്.
25 വർഷം മുമ്പ് ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോഴുണ്ടായ ഒരു അനുഭവമാണ് ഇവിടെവരെ എത്തിച്ചത്. തുന്നൽക്കാരൻ പക്ഷിയെക്കുറിച്ചുള്ള ഒരു പാഠഭാഗം അന്ന് പഠിപ്പിച്ചു. പിറ്റേ ദിവസം ഒരു വിദ്യാർത്ഥിനി തുന്നൽക്കാരൻ പക്ഷിയുടെ കൂട് പത്മനാഭന് നൽകി. അന്നു തുടങ്ങിയ കൗതുകമാണ്. ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസയോടെ കൂടുതേടിയിറങ്ങുന്ന പത്മനാഭൻ ഗിന്നസ് റെക്കോഡ് നേടാനുള്ള ഒരുക്കത്തിലാണ്. പക്ഷികളെക്കുറിച്ച് നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദേശീയ അദ്ധ്യാപക അവാർഡ്, നൂതന അദ്ധ്യാപക അവാർഡ്, ശാസ്ത്രസാഹിത്യ അവാർഡ്, ജോസഫ് മുണ്ടശ്ശേരി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ രേഖ. മക്കൾ രേവതിയും കാർത്തിക്കും.
പക്ഷികളിൽ പെയിന്റർമാരും
എൻജിനിയർമാരെപ്പോലും തോൽപ്പിക്കുന്ന ചാരുതയോടെയാണ് പല പക്ഷികളുടെയും കൂട് നിർമ്മാണം. അയോറ പക്ഷികൾ കൂടിന്റെ പുറംഭാഗത്ത് വെള്ള പെയിന്റടിക്കും. ഇല ചിലന്തിയുടെ മുട്ട പാട ഉപയോഗിച്ചാണ് പെയിന്റിംഗ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ പക്ഷിയായ ഇത്തിൾക്കണ്ണി കുരുവി കൂട് നിർമ്മിക്കുന്നത് പരുത്തിയും അപ്പുപ്പൻ താടിയും ഉപയോഗിച്ചാണ്. ഫൈബർ മെത്തപോലെ മൃദുലമാണ് കൂട്.
ലോക്ക് ഡൗൺ പക്ഷികൾക്ക് നല്ലകാലം
ലോക്ക് ഡൗൺ പക്ഷികളുടെ സുവർണകാലമാണെന്ന് പത്മനാഭൻ പറയുന്നു.ആളനക്കമില്ലാത്തതിനാൽ എവിടെയും ഇവ കൂടുകൾ മെനയും.കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാടായിപ്പാറയിൽ കൊമ്പൻ വാനമ്പാടിയും ചെങ്കണ്ണിതിത്തിരിയും കൂടൊരുക്കി മുട്ട വിരിയിച്ചു.