കാഞ്ഞങ്ങാട്: നിരീക്ഷണത്തിലിരിക്കെ ക്ളിനിക്കിൽ എത്തി രോഗികളെ പരിശോധിച്ച ഡോക്ടറുടെ പേരിൽ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലുള്ള ക്ളിനിക്കും പൊലീസ് അടച്ചുപൂട്ടി. ക്വാറന്റൈൻ ലംഘനം, സാമുഹ്യ അകലം പാലിക്കാതെ പരിശോധന, നിരോധനാജ്ഞ ലംഘനം തുടങ്ങിയ കുറ്റത്തിനാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റിന്റെ പേരിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
പകർച്ചവ്യാധി നിരോധന നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറെ സർക്കാർ നിരീക്ഷണത്തിലാക്കാനും ശുപാർശ ചെയ്തു. ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. രോഗികളെ പരിശോധിക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ മൊബൈലിൽ സംസാരിക്കുന്നതെന്ന വ്യാജേന പുറത്തിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു ഇദ്ദേഹം. നിരീക്ഷണത്തിൽ കഴിയവെ നഗരത്തിലെ ക്ളിനിക്കിൽ എത്തി രോഗികളെ പരിശോധിച്ചത് ഗുരുതരമായ പകർച്ചവ്യാധി നിയന്ത്രണ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡോക്ടറോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരായ 25 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഡി.എം.ഒ അറിയിച്ചു.