കണ്ണൂർ: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ കണ്ണൂർ ജില്ലയിൽ പൂർണ്ണം. അവശ്യ സർവ്വീസുകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലെ കട കമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞു കിടന്നു. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വലിയ ശതമാനം വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.

സമ്പൂർണ്ണ ലോക്ഡൗണിനെ തുടർന്ന് ജില്ലയില വിവിധ ഭാഗങ്ങളിൽ പൊലീസ് കർശ്ശന പരിശോധനയാണ് ഇന്നലെ ഏർപ്പെടുത്തിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു .

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പൊലീസ് നിരന്തര അന്വേഷണം ഏർപ്പെടുത്തി.

ഹോട്ടലുകൾക്ക് പാർസൽ സർവീസ് നടത്താൻ അനുമതി നൽകിയത് പലർക്കും ആശ്വാസമായി . ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ് , മാലിന്യ നിർമ്മാർജ്ജന ജീവനക്കാർ , മാദ്ധ്യമപ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്.