കണ്ണൂർ:കൊവിഡ് പശ്ചാത്തലത്തിൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി ലഭിച്ച കെൽട്രോൺ കോംപ്ലക്സ് കോംപൊണെന്റ് നിബന്ധനകൾ യഥാക്രമം പാലിക്കുന്നില്ലെന്ന് ആക്ഷേപം.ഔദ്യോഗികമായി ഈ മാസം ഏഴിന് പ്രവർത്തനാനുമതി ലഭിച്ച കമ്പനി ആറുമുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്.കമ്പനിയുടെ ചുറ്റളവിലുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാനും റൊട്ടേഷൻ പോലുള്ള സംവിധാനങ്ങൾ ഉപേക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സ്ഥാപനത്തിൽ പി .എച്ച് .സി ,ഡോക്ടർ,ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടുന്ന സംഘം തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയോ , കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് നൽകിയതായോ അറിവില്ലെന്നും ആക്ഷേപമുണ്ട്.ഒരു വാർത്താക്കുറിപ്പ് പോലും ഇറക്കാതെയാണ് കമ്പനിയുടെ പ്രവർത്തനമെന്നതും ജീവനക്കാരിൽ പ്രതിഷേധം പരത്തുന്നുണ്ട്.

ഹോട്ട് സ്പോട്ടിൽ നിന്ന്

ഹോട്ട്സ്പോട്ടായ പാപ്പിനിശ്ശേരി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ നിരവധിപേർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുള്ളവരും ജോലിക്കെത്തുന്നുണ്ട്.നിലവിൽ 200 ൽ അധികം തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ട്.വേണ്ടത്ര ആരോഗ്യ പരിശോധനയോ ,ആരോഗ്യവകുപ്പിന്റെ സമ്മതപത്രമോ ഇല്ലാതെ ഇത്രയും പേർ സ്ഥാപനത്തിൽ ജോലി ചെയ്താൽ സമൂഹ വ്യാപനം പോലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും സ്ഥാപനം ദീർഘനാൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.

ആരോഗ്യവകുപ്പ്,ഫാക്ടറീസ് ആൻഡ് ബോയിലേർസ് ഉദ്യോഗസ്ഥർ ,ഡി .എൽ .ഒ ,മാനേജ്മെൻറ് തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് കൂടിയാലോചന നടത്തി സ്ഥാപനം പ്രവർത്തിക്കാനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം .

കളക്ടർക്ക് പരാതി നൽകി

ഹോട്ട്സ്പോട്ടുകളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നെത്തുന്നവർ ഉൾപ്പെടെയും ആരോഗ്യ വകുപ്പിൻറെ സമ്മതപത്രം വാങ്ങി മാത്രം ജോലി പ്രവേശിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ കളക്ടർക്ക് പരാതി നൽകി

ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം .ഹോട്ട്സ്പോട്ടിൽ നിന്നുള്ള തൊഴിലാളികളെ മാനേജ്മെന്റ് ജോലിയിൽ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണം.

കെ.സുന്ദരൻ യൂണിറ്റ് സെക്രട്ടറി, കെൽട്രോൺ എംപ്ലോയിസ് ഓർഗനൈസേഷൻ