ഇരിട്ടി: ആന്ധ്രദേശിൽ നിന്നും വന്നയാളെ മുഴക്കുന്ന് ലക്ഷം വീട് കോളനിയിലെ വീട്ടിൽ നിരീക്ഷണത്തിലാക്കിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഒടുവിൽ ഇയാളെ മുഴക്കുന്ന് ഗവ.യു പി സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മുഴക്കുന്ന് ലക്ഷം വീട് കോളനി നിവാസിയായ 45കാരനാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആന്ധ്രപ്രദേശിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ഇയാളെ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സ്വന്തം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ഇതാണ് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. മുഴക്കുന്ന് ലക്ഷം വീട് കോളനിയിൽ തന്നെ നീരീക്ഷണത്തിൽ തുടരാൻ അനുവദിച്ച പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നടപടിക്കെതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. പത്തോളം വീടുകളുള്ള കോളനിയിൽ കുടിവെള്ള സൗകര്യത്തിനായി ഒരു പൊതുകിണർ മാത്രമേ ഉള്ളു. ഇതൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. മുഴക്കുന്ന് എസ്.ഐ സി.സി. ലതീഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതിഷേധം കനത്തതോടെ ഇയാളെ മുഴക്കുന്ന് ഗവ.യു.പി സ്‌കൂളിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്ക് മാറ്റി.