കണ്ണൂർ: ജില്ലയിൽ രണ്ടു പേർക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മെയ് ആറിന് ചെന്നൈയിൽ നിന്നെത്തിയ പാട്യം സ്വദേശി 24കാരനും മെയ് 13ന് മുംബൈയിൽ നിന്നെത്തിയ മാലൂർ തോലമ്പ്ര സ്വദേശി 27കാരനുമാണ് പുതുതായി രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് മേയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5240 പേരാണ്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23 പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 10 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ആറു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഞ്ചു പേരും വീടുകളിൽ 5196 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 4816 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4713 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 4467 എണ്ണം നെഗറ്റീവാണ്. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ബാങ്കുകൾക്ക് നിയന്ത്രണം
ഹോട്ട് സ്‌പോട്ട് വാർഡുകളിൽ മാത്രം
കണ്ണൂർ: കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർഡുകളോ തൊട്ടടുത്ത വാർഡുകളോ മാത്രം ഹോട്ട് സ്‌പോട്ടായി പരിമിതപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്കുകൾക്കുള്ള നിയന്ത്രണം ഇവിടങ്ങളിൽ മാത്രമാക്കി ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവിട്ടു. ഇതുപ്രകാരം കതിരൂർ പഞ്ചായത്തിലെ വാർഡ് 15, പാട്യം പഞ്ചായത്തിലെ 8, 9 വാർഡുകൾ, കേളകം പഞ്ചായത്തിലെ വാർഡ് 9, മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ വാർഡ് 28 എന്നിവയിൽ മാത്രമായിരിക്കും നിയന്ത്രണങ്ങൾ. നേരത്തേ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന തദ്ദേശ സ്ഥാപനം മുഴുവൻ ഹോട്ട്സ്‌പോട്ടായി പരിഗണിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.