മാഹി: കേരള അതിർത്തിയിൽ പ്രവർത്തിക്കുന്ന മാഹിയുടെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപരിശോധന ചടങ്ങിലൊതുങ്ങുന്നു. ഏഴ് ചെക്ക് പോസ്റ്റുകളിൽ ദേശീയപാതയിൽ മാഹിപ്പാലത്തേയും പൂഴിത്തലയിലേയും പോണ്ടിച്ചേരിയുടെ ചെക്ക് പോസ്റ്റുകളിൽ രണ്ട് കസേരയും രണ്ട് പൊലീസുകാരും മാത്രമാണുള്ളത്. എൻ.സി.സി കാഡറ്റുകളെയും അദ്ധ്യാപകരെയും ഇവിടെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആകെ നടക്കുന്നത് വാഹനം തടഞ്ഞു വിവരങ്ങൾ ചോദിച്ചറിയുന്ന ചടങ്ങുമാത്രം.
തൊട്ടപ്പുറം ന്യൂമാഹിയിലും അഴിയൂരും കേരള അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, തദ്ദേശഭരണകൂടം എന്നിവ സംയുക്തമായി പ്രവർത്തിക്കുമ്പോഴാണിത്. ഇ-പാസുമായി വരുന്ന യാത്രികരുടെ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ഇപ്പോൾ ചെക്ക് പോസ്റ്റിൽ നടക്കുന്നത്. ഓൺലൈൻ സംവിധാനം സജ്ജമാക്കിയാൽ യാത്രികർ കാണിക്കുന്ന പാസ് സ്കാൻ ചെയ്താൽ നിമിഷനേരം കൊണ്ട് തന്നെ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ സാധിക്കും.
ചെക്ക് പോസ്റ്റിനായി ഒരു വാഹനം പോലും സർക്കാർ നൽകിയിട്ടില്ല. നിലവിൽ പരിശോധന ആവശ്യമായ ഘട്ടത്തിൽ യാത്രക്കാരെ അവരുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. കേരള ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പും റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പും കൂടി ആംബുലൻസ് അടക്കം എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയാകെ മുഖാവരണം ഇല്ലാത്തവരെ പിടിച്ച് പിഴ അടപ്പിക്കുക മാത്രമാണ് നിലവിൽ നടക്കുന്നത്.