ചെറുവത്തൂർ: വാടക ക്വർട്ടേഴ്സിൽ തെയ്യംകലാകാരനെ ഒരു സംഘം കെട്ടിയിട്ടു വായിൽ ചകിരി തിരുകി അക്രമിക്കുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതി. തൃക്കരിപ്പൂർ ഒളവറ മാവിലങ്ങാട് കോളനിയിലെ വി. സുശീൽകുമാറി (22)നെ പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലേശ്വരം കൊട്രച്ചാൽ കോളനിയിലെ വാടക ക്വർട്ടേസിൽ ബൈക്കിലും കാറിലുമായി എത്തിയ പത്തോളം വരുന്ന സംഘം തനിക്ക് നേരെ അക്രമം നടത്തുകയായിരുന്നുവെന്ന സുശീൽകുമാറിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ കൊട്രച്ചാലിലെ വാടക വീട്ടിൽ തന്നെ വിളിച്ചു വരുത്തി കസേരയിൽ കയ്യും കാലും കെട്ടിയിട്ടു വായിൽ ചകിരി തിരുകി മരക്കട്ട കൊണ്ട് ഇടിക്കുകയും വൈകുന്നേരം നാലോടെ തൃക്കരിപ്പൂർ ഒളവറയിലെ തന്റെ വീട്ടിൽ കാറിൽ കയറ്റി കൊണ്ട് തള്ളുകയുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതി. മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. അക്രമിച്ച സംഘത്തിലുള്ളവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതായും ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി