കാസർകോട്: കാഞ്ഞങ്ങാട് സ്വദേശിനിയായ അഞ്ജന കെ. ഹരീഷ് ഗോവയിൽ തൂങ്ങിമരിച്ചതിനു പിന്നിൽ കാമുകന്റെ ചതി. യുവതി മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അടുത്ത സുഹൃത്തായ കോഴിക്കോട് സ്വദേശിനിയുടെ ഫേസ് ബുക്ക് പോസ്റ്റ്. വീട്ടിലേക്ക് പോകാൻ ശ്രമിച്ച അഞ്ജനയ്ക്ക് കാമുകന്റെ ഭീഷണി ഉണ്ടായിരിക്കാമെന്ന് അവസാനനിമിഷത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 17 ന് അഞ്ച് സുഹൃത്തുക്കൾക്ക് ഒപ്പമാണ് അഞ്ജന ഗോവയ്ക്ക് പോയത്. ലോക്ക് ഡൗണായതിനാൽ അവിടെ കുടുങ്ങി.
സംഭവദിവസം അഞ്ജന വളയെധികം സന്തോഷവതിയിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഒരുപാട് പേരെ ഫോൺ വിളിച്ചിരുന്നു. എന്നാൽ ആൺസുഹൃത്തുമായി ഏറെ നേരം സംസാരിച്ചതിന് ശേഷം അഞ്ജന ആകെ മൂഡ് ഔട്ടിലായിരുന്നുവത്രെ. രാത്രി 8.45 ഓടെ തങ്ങളിൽനിന്നും ഒഴിഞ്ഞുമാറി പോയി. ബാത്ത് റൂമിലോ മറ്റോ പോയതാണെന്ന് കരുതി ആദ്യം അന്വേഷിച്ചില്ല. ഒൻപതു മണിയായതോടെ എല്ലാവരും റൂമിലും പുറത്തും അന്വേഷിച്ചു. അടുത്ത ബീച്ചുകളിലും അന്വേഷിച്ചു. തിരിച്ചുവന്ന ശേഷം പരിസരവാസികളെ വിവരമറിയിച്ചു. എല്ലാവരും ചേർന്ന് തിരഞ്ഞപ്പോഴാണ് താമസിച്ചിരുന്ന ബിൽഡിംഗിന്റെ പിറകുവശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരിയുടെ വസ്ത്രത്തിലായിരുന്നു തൂങ്ങിയത്. സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് അടുത്തുള്ള പി.എച്ച്.സിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവർ വെളിപ്പെടുത്തി അതേസമയം മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കൂട്ടുകാരെല്ലാം ചതിച്ചുവെന്നും തന്നെ രക്ഷിക്കണമെന്നും അഞ്ജന വിളിച്ചറിയിച്ചതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് വരുന്നെന്നും അമ്മ പറയുന്നത് പോലെ തുടർന്ന് ജീവിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകിയതായും ബന്ധുക്കൾ പറയുന്നു. ബ്രണ്ണൻ കോളേജിലെ പഠനത്തിനിടെയാണ് ആരോപണവിധേയനായ പുരുഷസുഹൃത്തിനെ അഞ്ജന പരിചയപ്പെട്ടത്. തുടർന്ന് വീട്ടുകാരുമായി അകന്ന് കൂട്ടുകാർക്കൊപ്പം താമസിക്കുകയായിരുന്നു. അഞ്ജനയുടെ മരണശേഷം ആൺസുഹൃത്ത് മുങ്ങിയത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അഞ്ജനയുടെ മറ്റൊരു സുഹൃത്തിന്റെ ഫേസ് ബുക്കിലുണ്ട്.
സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോവയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ അഞ്ജനയുടെ മൃതദേഹം തളിപ്പറമ്പ് മാവിച്ചേരിയിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിച്ച ശേഷം സമുദായ ശ്‌മശാനത്തിൽ ഇന്നലെ സംസ്കരിച്ചു.