pic

കാസർകോട്: കരാർ പരിധി പിന്നിട്ട് തിരിച്ചു വരാനാകാതെ മാസങ്ങളായി കപ്പലിൽ കുടുങ്ങി കിടക്കുന്ന മർച്ചന്റ് നേവി ജീവനക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. വിവിധ കപ്പലുകളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ ലോകം അറിഞ്ഞിട്ടില്ല. പകരക്കാർ എത്താത്തതിനാൽ മാസങ്ങളായി കപ്പലുകളിൽ കുടുങ്ങികിടക്കുന്ന മലയാളികളും ഏറെയാണ്.

ഗൾഫിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ കാണിക്കുന്ന ആർജ്ജവം കപ്പലോട്ടക്കാരായ പ്രവാസികളുടെ കാര്യത്തിൽ അധികൃതർ കാണിക്കുന്നില്ല. ക്രൂ ചെയ്ഞ്ചിനുള്ള നടപടികൾ രാജ്യാന്തര തലത്തിൽ കൈക്കൊള്ളാൻ വൈകുന്നതിൽ ജീവനക്കാർ കപ്പലിലും അവരുടെ ബന്ധുക്കൾ നാട്ടിലും സംഘർഷത്തിലും ഭീതിയിലുമാണെന്ന് ഓൺലൈൻ വഴി നടത്തിയ യോഗം സൂചിപ്പിച്ചു.

പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.വി. കുമാരൻ, പി.വി. കുഞ്ഞിക്കണ്ണൻ, നാരായണൻ കുന്നുമ്മൽ, കെ. പ്രഭാകരൻ, വിജയൻ ബാര, കൃഷ്ണൻ മുദിയക്കാൽ, യു.കെ. ജയപ്രകാശ്, എം.വി. ബാലകൃഷ്ണൻ, എ.കെ. അബ്ദുള്ളകുഞ്ഞി, സി. നാരായണൻ, കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.