pic

കണ്ണൂർ: കൊവിഡ് 19യുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയുടെ ആശങ്കയ്ക്ക് അറുതിയില്ല. ഇന്നലെ ദുബായില്‍ നിന്നെത്തിയ വിമാനയാത്രികരില്‍ രണ്ടു പേർ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍കോട് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിൽ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇതോടൊപ്പം മറ്റു രണ്ടു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്പ്ര സ്വദേശിയായ 27കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഈ കണക്കുകൾ അൽപം ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ ദുബൈയില്‍ നിന്നും ആകെ 181 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇതിൽ ജില്ലാടിസ്ഥാനത്തിൽ കണ്ണൂര്‍- 115, കാസർകോട് - 53, കോഴിക്കോട്- 7, മലപ്പുറം-1, കൂര്‍ഗ്-4 എന്നിങ്ങനെയാണ് കണക്ക്. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ വീടുകളിൽ നിരീക്ഷണത്തിൽ പോയവര്‍ 66 ആണ്. ദുബൈയില്‍ നിന്നുള്ള രണ്ടാം വിമാനമാണ് കണ്ണൂരില്‍ ഇറങ്ങിയത്. ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസ്സുകളിലും കാസര്‍കോട് സ്വദേശികളെ രണ്ട് ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് യാത്ര അയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. യാത്രക്കാരുടെ ക്വാറന്റീന് ഉറപ്പുവരുത്തുന്നതിനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 ഡാറ്റ എന്‍ട്രി കൗണ്ടറുകളും ഇവിടെ ഒരുക്കിയിരുന്നു. നിലവില്‍ കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5240 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23 പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 10 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും വീടുകളില്‍ 5196 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.