വാഷിംഗ്ടൺ: കൊവിഡ് 19 കാലത്ത് ലോകമെങ്ങും ആശങ്കയിൽ കഴിയുമ്പോൾ അമേരിക്കയിലെ ഇന്ത്യൻ തടവുകാർ ആഹ്ലാദത്തിലാണ്. രാജ്യത്തെ 95 ജയിലുകളിലായി കഴിയുന്ന 1739 പേരിൽ 161 പേരെ നാട്ടിലേക്ക് കയറ്റി അയക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ ദീർഘ കാലമായി ജയിലിൽ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. മികച്ച ജീവിത സൗകര്യം ലക്ഷ്യമിട്ട് മെക്സികോ അതിർത്തി വഴി കടക്കാൻ ശ്രമിച്ചതിന് കുടുങ്ങിയവരൊക്കെയാണ് അമേരിക്കയിലെ ജയിലുകളിൽ കാലങ്ങളായി കിടക്കുന്നത്. ഇവരൊക്കെ ഈ ഇളവിൽ രക്ഷപ്പെടും. പഞ്ചാബിലെ അമൃത് സർ വിമാനത്തിൽ ദിവസങ്ങൾക്കകം തിരിച്ചെത്തുമെന്നാണ് സൂചന. ഇതിൽ കൂടുതൽ പേരും ഹരിയാന സ്വദേശികളാണെങ്കിലും രണ്ട് മലയാളികളും ഉണ്ടെന്നത് ആഹ്ലാദം പകരുന്നുണ്ട്. പഞ്ചാബ്- 56, ഗുജറാത്ത്- 12, ഉത്തർപ്രദേശ്-5, മഹാരാഷ്ട്ര-4, കേരളം-2, തെലുങ്കാന-2, തമിഴ്നാട്-2, ആന്ധ്രപ്രദേശ്-2, ഗോവ-2 എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക്.
അതേസമയം യുവാക്കളെയടക്കം പ്രലോഭിപ്പിച്ച് അരക്കോടി വരെ കൈക്കലാക്കി നാടു കടത്തുന്ന റാക്കറ്റ് ഉത്തരേന്ത്യയിൽ ശക്തമാണെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചഹാൽ ആരോപിക്കുന്നുണ്ട്. ഇങ്ങനെയാണ് പലരും അമേരിക്കൻ ജയിലുകളിലേക്ക് എത്തുന്നത്. ഐ.സി.ഇ റിപ്പോർട്ടിലെ കണക്കിൽ 2018 ൽ 611 ഇന്ത്യൻ പൗരന്മാരേയും കഴിഞ്ഞ വർഷം 1616 ഇന്ത്യക്കാരേയും നാട് കടത്തിയിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം ജാഗ്രത പാലിക്കുന്നില്ല.
ഇത്തവണ ജയിൽ മോചിതരാകുന്ന ഇന്ത്യക്കാരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഹരിയാനയിൽ നിന്നുള്ള 19 വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ജയിലിൽ അവശേഷിക്കുന്നവർ ഇനിയെന്ന് പുറംലോകം കാണുമെന്നും ധാരണയില്ല. അമേരിക്കൻ ഭരണകൂടത്തോട് ഇവരുടെ മോചനക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.