കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കർശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി, പൊലീസ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന് റൂം ക്വാറന്റൈനിൽ കഴിയുന്നവർ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നതായി കണ്ടാൽ അവരെ ഉടനെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഇതു സംബന്ധിച്ച് വാർഡു ജാഗ്രതാ സമിതികൾ നിരീക്ഷണം ശക്തമാക്കും.റംസാൻ മാസ നോമ്പ് അനുഷ്ഠിക്കുന്നവർക്ക് പ്രത്യേക ഭക്ഷണ സൗകര്യവും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ പറഞ്ഞു.
നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ അനുവദിക്കില്ല. വഴിയോരക്കച്ചടം അനുവദിക്കില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നഗരസഭയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ പ്രൊഫ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.