കൂത്തുപറമ്പ്: ഒന്നരമാസത്തെ ഇടവേളയ്ക്കൊടുവിൽ ലോക്ക് ഡൗൺ മൂന്നാംഘട്ടം അവസാനിച്ചതിന് പിന്നാലെ ടൗണിൽ ജനത്തിരക്കേറി. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി ആളുകളാണ് ടൗണിലെത്തിച്ചേർന്നത്.
വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് ഇന്നലെ രാവിലെ മുതൽ ടൗണിലെത്തിച്ചേർന്നത്. അനിയന്ത്രിതമായി വാഹനങ്ങൾ എത്തിയത് ടൗണിൽ ഗതാഗതക്കുരുക്കിനിടയാക്കി. ഏതാനും പലചരക്ക് കടകളും പച്ചക്കറിക്കടകളും, ചുരുക്കം ബേക്കറികളും മൊബൈൽ ഷോപ്പുകളുമാണ് തുറന്നിരുന്നത്. ബാങ്കുകൾ, കെ.എസ്.ഇ.ബി ഓഫീസ് ഉൾപ്പെടെയുള്ള ഓഫീസുകളും തുറന്നിരുന്നു. പൊലീസ് സാന്നിധ്യം കുറഞ്ഞതും ജനങ്ങൾ വ്യാപകമായി എത്താനിടയാക്കി. റെഡ് സോൺ മേഖലയായി തുടർന്നതിനാൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു കഴിഞ്ഞ ദിവസം വരെയും കൂത്തുപറമ്പ് മേഖലയിൽ. രോഗബാധിതർ പൂർണ്ണമായും ആശുപത്രി വിട്ടതോടെയാണ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ് നൽകിട്ടുള്ളത്.