കണ്ണൂർ: കൊവിഡ് രോഗ വ്യാപനം പ്രതിരോധിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ ഉണ്ടാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ജില്ലാ തലത്തിലും പ്രത്യേക കമ്മിറ്റി ഉണ്ടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പ്രവാസികൾ എത്തുന്ന സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷൻമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോം ക്വാറന്റൈനിൽ ഒരു വീഴ്ചയും പോരായ്മയും ഉണ്ടായിക്കൂട. തദ്ദേശസ്ഥാപന തലത്തിലും വാർഡ് തലത്തിലും കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് പ്രസിഡന്റുമാർ ഉറപ്പാക്കണം. ഭാവിയെക്കരുതി കാർഷികോത്പ്പാദനം വർദ്ധിപ്പിക്കാൻ കഴിയണം. തരിശ് നിലങ്ങളിൽ പരമാവധിയിടങ്ങളിൽ കൃഷി നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി.വി സുഭാഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക്ക്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ തുടങ്ങിയവരും പങ്കെടുത്തു.
മതചടങ്ങുകൾ, ഉത്സവങ്ങൾ:
നിയന്ത്രണം തുടരും
നാലാംഘട്ട ലോക്ക്ഡൗൺ കാലത്തും മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയുടെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വേണം നടത്താൻ. കടകൾ തുറക്കുന്നു എന്നതിനാൽ മാർക്കറ്റുകളിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങളിൽ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.