തളിപ്പറമ്പ്: നിറയെ യാത്രക്കാരുമായി എത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ബസിൽ നിന്നും ഒരാൾ തളിപ്പറമ്പിൽ ഇറങ്ങുകയും മറ്റുചിലർ ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്നും കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയതും പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.

ദേശീയപാതയിലെ ബസ് സ്റ്റോപ്പിലാണ് എം.എച്ച് 43 ബി.പി 6399 വർദ്ധമാൻ എന്ന പേരിലുള്ള സ്വകാര്യ ബസ് നിർത്തിയത്. ബസിന്റെ രജിസ്‌ട്രേഷൻ മഹാരാഷ്ട്രയാണെന്ന് നമ്പർ പ്ലേറ്റ് കണ്ടതോടെയാണ് ആളുകൾ പരിഭ്രാന്തരായത്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുമായി വന്നതാണ് ബസെന്ന് കരുതുന്നു. ഏതാണ്ട് അഞ്ചുമിനുട്ടോളം നിർത്തിയിട്ട ബസ് ആളുകൾ അന്വേഷിച്ചെത്തുമ്പോഴേക്കും തളിപ്പറമ്പ് വിട്ടിരുന്നു. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും തളിപ്പറമ്പിൽ ഇറങ്ങിയ ആളെക്കുറിച്ചോ ബസിനെക്കുറിച്ചോ തങ്ങൾക്കറിയില്ലെന്നാണ് പൊലീസ് പറയുന്നത്. കൊവിഡ്19 രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നെത്തിയ ബസിൽ നിന്ന് തളിപ്പറമ്പിൽ ഒരാൾ ഇറങ്ങിയത് നാട്ടുകാരിൽ ഭീതി വിതച്ചിരിക്കുകയാണിപ്പോൾ.


പടം... തളിപ്പറമ്പ് ദേശീയപാതയിൽ നിർത്തിയിട്ട മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ബസ്‌.