കാസർകോട്: ഇതരസംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കാസർകോട്ടെത്തിയ 2587 പേരിൽ 1223 പേരും റെഡ്‌സോണുകളിൽ നിന്നുള്ളവർ. വിദേശ രാജ്യങ്ങളിൽ നിന്നായി 204 പേരാണ് എത്തിയത്.

അതേസമയം ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ രണ്ടു പേരും മുംബയിൽ നിന്ന് വന്ന 28 വയസുള്ള പൈവളികെ സ്വദേശികളാണ്. ഇവർ മേയ് 15 നാണ് ജില്ലയിലെത്തിയത്. ഇരുവരും സർക്കാർ ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 2456 പേരാണ്. വീടുകളിൽ 2101 പേരും ആശുപത്രികളിൽ 355 പേരും. 118 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെകൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സെന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.600 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.


ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗ സാദ്ധ്യത ഉയർന്നു നിൽക്കുന്നു. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഡോ. എ.വി രാംദാസ്

(ജില്ലാ മെഡിക്കൽ ഓഫീസർ)