കണ്ണൂർ: സംസ്ഥാന അതിർത്തികളിലെ ജാഗ്രത ഒരു തരത്തിലും ദുർബലമായിക്കൂടെന്നും അങ്ങനെ വന്നാൽ അത് വലിയ വിപത്തിലേക്ക് നയിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ. ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷൻമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഗ്രത ദുർബലപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട്. പാസ് ഉള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അതിർത്തികടത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു. നാടിനോടും അവരോടുതന്നെയും ചെയ്യുന്ന കടുംകൈയാണിത്. അനധികൃതമായി അതിർത്തി കടന്നുവരുന്നത് പരിശോധിക്കാൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.