തളിപ്പറമ്പ്: സൈക്കിളിൽ നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് പിന്തിരിപ്പിച്ചു. ഒഡീഷ സ്വദേശികളായ ബൻസി ടാൻ (40), ഭഗവാൻ (30), സന്തോഷ് (32), തോ ഫാൻ കുമാർ (26) എന്നിവരുടെ നാട്ടിലേക്ക് പോകാനുള്ള മോഹമാണ് തകർന്നത്. ധർമ്മശാലയിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് കമ്പനിയിലെ തൊഴിലാളികളാണ് നാല് പേരും.
57 ദിവസമായി നാല് പേരും നാട്ടിലേക്ക് തിരിച്ചുപോകാൻ ശ്രമം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇതിനായി നാലുപേരും പുതിയ സൈക്കിളുകൾ വാങ്ങാൻ തീരുമാനിച്ചു. തളിപ്പറമ്പിലെത്തി ഇരുപതിനായിരം രൂപ നല്കി നാല് പുതിയ സൈക്കിളുകൾ വാങ്ങിച്ച് ധർമ്മശാലയിലെ കമ്പനിയിലേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ സാധനങ്ങൾ പാക്ക് ചെയ്ത് നാലു പേരും സൈക്കിളിൽ രക്ഷപ്പെടാൻ നേരം ഒഡീഷയിൽ ഭീഷണി ഉയർത്തിയ ഉംപുൻ ചുഴലിക്കാറ്റിന്റെ ഭാഗമായി ധർമ്മശാലയിലും പെയ്ത കനത്ത മഴ യാത്രക്ക് തടസമായി.
ഇതിനിടെ ഇവരുടെ രഹസ്യനീക്കം ചോർന്നു. വിവരം ജനമൈത്രി പൊലീസിന് ലഭിച്ചതോടെ ഇന്നലെ രാവിലെ 9 മണിയോടു കൂടി ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ എ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.പി.സിയാദ് എന്നിവർ യുവാക്കൾക്ക് മുന്നിലെത്തി. അനുമതിയില്ലാതെ ഇവിടം വിട്ടു പോകുന്നത് കുറ്റകരമാണെന്ന് താക്കീത് ചെയ്തും, ബോധവത്ക്കരണം നടത്തിയും ഇവരെ പിന്തിരിപ്പിച്ചു.