മാഹി: പുതുച്ചേരി സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും മാഹിയിലെ മദ്യഷാപ്പുകൾക്ക് അനുമതി ലഭിച്ചില്ല. കേരളത്തിലെ മദ്യവില പരിഗണിച്ച് മാഹിയിലേക്കുള്ള ആവശ്യക്കാരുടെ തള്ളിക്കയറ്റം കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.

കേരളത്തിൽ മദ്യവിൽപ്പന തുടങ്ങിയാൽ മാത്രമെ മാഹിയിലും മദ്യശാലകൾ തുറക്കാനിടയുളളൂ. കേരളത്തിലെ നികുതിവർദ്ധനവ് പരിഗണിക്കുമ്പോൾ മാഹിയിലേതിന്റെ ഇരട്ടിയിലേറെ വില വ്യത്യാസം വരും. ആളുകളുടെ തള്ളിക്കയറ്റം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയുമാകും.

അതിനിടെ പുതുച്ചേരിയിലും മദ്യത്തിന് വില വർദ്ധിപ്പിക്കാൻ മന്ത്രിസഭ ആലോചിക്കുന്നുണ്ട്.മദ്യത്തിന് ഗണ്യമായ വില വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വൻതോതിലുള്ള മദ്യക്കടത്തിനും കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ നിന്നും ആളുകളുടെ ഒഴുക്കിനും കാരണമാകുമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.