കണ്ണൂർ: ലോക് ഡൗണിൽ വീടുകളിൽ ആഘോഷം പൊടിപൊടിക്കുമ്പോൾ കോഴിവില പറ പറക്കുന്നു. പക്ഷിപ്പനിയെ തുടർന്ന് മാർച്ച് ആദ്യ വാരം അറുപത് വരെയായി കുറഞ്ഞ കോഴി വില ഡിമാന്റ് കൂടിയതോടെ ഇരുന്നൂറിനോട് അടുക്കുകയാണ്. ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുകയറി. നേരത്തെ കർണാടകത്തിൽ പക്ഷിപ്പനി വ്യാപകമായതിനെ തുടർന്ന് കോഴിയിറച്ചി വിൽപ്പനയും വിലയും കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും നോമ്പുകാല ഡിമാൻഡ‌് കൂടി മുൻകൂട്ടി കണ്ട് വില കുത്തനെ കൂടുകയാണ്..
ലോക്ക്ഡൗണിൽ കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽനിന്ന‌് കോഴി വരവ് നിലച്ചതാണ് വിലകൂടാൻ കാരണം. തമിഴ് നാട് നാമക്കലിൽ നിന്നാണ് കോഴികൾ കൂടുതലും കേരളത്തിലെത്തുന്നത്..
കോഴി വരവ് നിലച്ചതോടെ പ്രാദേശിക കോഴി ഫാമുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. നാടൻ കോഴിയെന്ന പേരിൽ കിലോ വിന് 250 രൂപ വരെയാണ് വില. ഇതിന്റെ പേരിലും മുതലെടുപ്പ് വ്യാപകമാണ്. നാടൻ കോഴിയുടെ ലേബലിൽ അന്യ സംസ്ഥാന കോഴികളുടെ വിൽപ്പനയും പൊടിപൊടിക്കുന്നുണ്ട്.മീനിന്റെ വില കൂടിയതും കോഴിയിറച്ചിയുടെ ആവശ്യം കൂടിയതും വിലക്കയറ്റത്തിനിടയാക്കി.നാടൻ കോഴിയായാലും അന്യ സംസ്ഥാന കോഴികളായും നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്. നാടൻ കോഴിയുടെ വില വർദ്ധന കർഷകന് ഗുണമാകുന്നില്ല.. പകരം ഇടത്തട്ടുകാരാണ് മുഴുവനും കൈക്കലാക്കുന്നത്.
ആശ്വാസമായി മലബാർ മീറ്റ്:
കോഴിയിറച്ചിക്ക് പൊതുമാർക്കറ്റിൽ വില കുതിച്ചുയരുമ്പോഴും അമിതവില ഈടാക്കാതെയുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ഇറച്ചിയാണ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നത്.
ചിക്കൻ കറി കട്ട് സ്‌പെഷ്യൽ- 170 രൂപ,
ചിക്കൻ ബിരിയാണി കട്ട്- 180 രൂപ
ചിക്കൻ ജനത- 60 രൂപ
താറാവ് ഉൽപ്പന്നങ്ങൾ -340 രൂപ
ഔട്ട് ലറ്റുകൾ- 127
ഹമീദ്
മീറ്റ് മർച്ചന്റ്
കോഴി ഇറച്ചിക്ക് ഡിമാൻ്റ് കൂടുന്നുണ്ട്.. മാത്രവുമല്ല, ഇറച്ചിക്ക് ക്ഷാമവുമുണ്ട്.. പിന്നെ എങ്ങിനെ വില കുറയ്ക്കാൻ കഴിയും.. പുറത്ത് നിന്നുള്ള കോഴി വരവും കുറവാണ്. എല്ലാ ദിവസവും ലോഡ് വരുന്നില്ല.