കണ്ണൂർ: ജില്ലയിൽ മൂന്നു പേർക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ മുംബൈയിൽ നിന്നെത്തിയവരും ഒരാൾ സമ്പർക്കത്തിലൂടെ രോഗംബാധിച്ച ആരോഗ്യ പ്രവർത്തകയുമാണ്. മുംബൈയിൽ നിന്ന് മേയ് ഒൻപതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശി 35കാരനും മേയ് 10നെത്തിയ പയ്യാമ്പലം സ്വദേശി 31കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ച രണ്ടു പേർ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ആരോഗ്യ പ്രവർത്തക ചിറക്കൽ സ്വദേശിയായ 54കാരിയാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 126 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5554 പേരാണ്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 27 പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 13 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ അഞ്ചു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 പേരും വീടുകളിൽ 5498 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 4865 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4707 എണ്ണത്തിന്റെ ഫലം ലഭ്യമായി. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

നിരീക്ഷണത്തിലുള്ളവർ 5554

വീട്ടിൽ 5498

ആശുപത്രിയിൽ 56