മയ്യിൽ: കൊവിഡ് 19 കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'സുഭിക്ഷ കേരളം ' പദ്ധതി വഴി കൃഷി നടത്തി മാതൃകയാവുകയാണ് നാറാത്ത് ഗ്രാമ പഞ്ചായത്തിലെ യൂത്ത് ക്ലബ് അംഗങ്ങളും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'യുവത്വം കൃഷിയിലേക്ക് ' എന്ന പരിപാടിയിൽ കാർഷിക സ്വയംപര്യാപ്തത ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങളിൽ 245 ക്ലബുകളും നിരവധി കോ-ഓഡിനേറ്റർമാരും ഇതിനകം രജിസ്റ്റർ ചെയ്ത് കൃഷി ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് വാരംകടവിലെ യുവ പ്രതിഭ ക്ലബ്ബ്, ചവിട്ടടിപ്പാറയിലെ ടൈറ്റാനിക് ക്ലബ്, മാതോടം രണതാര കലാ കായിക സമിതി എന്നിവരാണ് കൃഷിയിലേക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതുപോലെ മാതോടം കൂട്ടായ്മയിലെ നിയൂൺ, പ്രതീഷ്, സലീഷ്, ബാസിത്ത് തുടങ്ങിയവരും കൃഷിക്ക് തുടക്കമിട്ടു. കൂടാതെ നിരവധി മറ്റു ക്ലബ്ബുകളും കൊവിഡ് കാലത്ത് കൃഷി ചെയ്യാൻ മുന്നിട്ടറങ്ങിയിട്ടുണ്ട്. മാതോടം പ്രദേശത്ത് തരിശായിക്കിടക്കുന്ന രണ്ടര ഏക്കറിലധികം സ്ഥലത്ത് മരച്ചീനി, വാഴ, മധുരക്കിഴങ്ങ്, പച്ചക്കറികൾ, ചേന, മഞ്ഞൾ തുടങ്ങിയവയാണ് കൃഷിയിറക്കുന്നത്.
ഇനിയും നിരവധി ക്ലബ്ബുകളും അംഗങ്ങളും മുന്നിട്ടിറങ്ങിയാൽ പഞ്ചായത്തിലെ നിരവധി തരിശു നിലങ്ങൾ കൃഷിയോഗ്യമാകും. നാറാത്ത് പഞ്ചായത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ജില്ലയിലെ തന്നെ മികച്ച യൂത്ത് കോ-ഓർഡിനേറ്ററായ കെ.വി .ജംഷീർ ആണ്. നാറാത്ത് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള, യൂത്ത് കോർഡിനേറ്റർ ജംഷീർ എന്നിവർ അറിയിച്ചു.