ചെറുവത്തൂർ: വിദേശത്ത് നിന്നെത്തി സർക്കാർ സർക്കാർ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി അധികൃതരുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്തി. പീലിക്കോട് വെള്ളച്ചാൽ സ്വദേശിയായ പ്രവാസിയാണ് നാട്ടിലെത്തിയതാണ് ആശങ്ക സൃഷ്ടിച്ചത്. വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിൽ കാലിക്കടവ് ദേശീയപാതയിലെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് പരിശോധനയ്ക്കിടെ ഈയാളെ പിടികൂടിയത്.

ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഇയാളെ കെ.എസ്.ആർ.ടി.സി ബസിൽ കാസർകോട്ടെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു സമ്പൂർണ്ണ നിയന്ത്രണമുള്ള കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞദിവസം ഇയാൾ മുങ്ങിയത്. രണ്ട് ഓട്ടോറിക്ഷകളിലായാണ് ഈയാൾ കാലിക്കടവിൽ എത്തിയത്. നിരീക്ഷണത്തിലുണ്ടായിരുന്നയാളാണെന്ന് വ്യക്തമായതോടെ ഇയാളെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യം ഇല്ലാത്തതിനാലാണ് അവിടെ നിന്ന് ഇറങ്ങിയതെന്നാണ് പ്രവാസിയുടെ വാദം.

സ്വസ്ഥത കെടുത്തി ചുറ്റിക്കറക്കം

മഹാരാഷ്ട്രയിലെ അതിതീവ്ര പ്രദേശങ്ങളിൽ നിന്ന് വന്നവരും ഇവിടെ ചുറ്റി കറങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന ഭാഗങ്ങളിൽ ബസ് നിറയെ ആളുകളെത്തിയത് പൊലീസ് അകമ്പടിയോടെയാണ്. ഇവരെല്ലാം 14 ദിവസം വീട്ടിൽ അടച്ചിരിക്കുമെന്ന് പറയാനാവില്ല. ഇവരെ രണ്ടുനേരം സന്ദർശിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പാക്കാൻ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയത്. നിലവിലുള്ള സാഹചര്യത്തിൽ ഒരു നേരം പോലും ഇവർക്ക് പോകാൻ കഴിയുന്നില്ല . ചെറുവത്തൂർ ടൗണിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാസ്ക് ,സാമൂഹിക അകലം ,സാനിറ്റെസർ എന്നിവ നിർബന്ധമാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച ചെറുവത്തൂർ, മടക്കര , പടന്ന, തൃക്കരിപ്പൂർ, ടൗണുകളിൽ ജനം പോകാതിരിക്കുന്നതാണ് നല്ലതെന്ന നിർദ്ദേശമാണ് ആരോഗ്യപ്രവർത്തകർ മുന്നോട്ടുവെക്കുന്നത്.