കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ. നായനാരുടെ ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ.പി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന. സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. സഹദേവൻ, പി. ജയരാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നായനാർ അക്കാഡമിയിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പതാക ഉയർത്തി. ജില്ലയിലെ മുഴുവൻ പാർട്ടി ഓഫീസുകളിലും പതാക ഉയർത്തലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

വൈകിട്ട് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. നായനാരുടെ ഭാര്യ ശാരദടീച്ചർ, എം.വി. ജയരാജൻ എന്നിവരും പങ്കെടുത്തു.