കാസർകോട്: രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകി 'ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച വിശ്രമം' സമ്പ്രദായം കാസർകോടും പ്രാബല്യത്തിലായി. ഇതോടെ സ്റ്റേഷനുകളിൽ ഡ്യൂട്ടി എടുക്കുന്ന പൊലീസുകാരുടെ എണ്ണം പകുതിയായി കുറയും. 30 പൊലീസുകാരുള്ള സ്റ്റേഷനിൽ 15 പേർ വീതം ഓരോ ആഴ്ചയും മാറിമാറി ഡ്യൂട്ടിക്ക് ഉണ്ടാകും.
സിവിൽ പൊലീസ് ഓഫീസർ മുതൽ എസ്.ഐ വരെയുള്ളവർക്കാണ് അവധി ആനുകൂല്യം. സി.ഐമാർക്ക് ഉത്തരവ് പ്രകാരം കിട്ടില്ലെങ്കിലും നീക്കുപോക്ക് അവധിയെടുക്കാം. ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി തുടങ്ങിയ സ്‌പെഷൽ വിംഗുകളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാകില്ല. എന്നാൽ ഇതിൽ ക്രമസമാധാനപാലന ഡ്യൂട്ടി എടുക്കുന്നവർക്ക് ഒരാഴ്ച അവധിയെടുക്കാം.
സർക്കാർ തീരുമാനം മന്ത്രിസഭാ അംഗീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക് നാഥ് ബെഹ്റ ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറപ്പെടുവിച്ചത്. വയനാട്ടിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെ ഭൂരിഭാഗം സേനാംഗങ്ങൾക്കും ക്വാറന്റൈനിൽ പോകേണ്ടി വന്നതോടെയാണ് ഒരാഴ്ച ജോലി ഒരാഴ്ച വിശ്രമം എന്ന തീരുമാനത്തിലെത്താൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. കൊവിഡിന്റെ തുടക്കത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമായ കാരണമില്ലാതെ ലീവ് നൽകരുതെന്ന് കർശന നിർദ്ദേശമാണ് മേലധികാരികൾ നൽകിയിരുന്നത്.
ഊണും ഉറക്കവുമില്ലാതെ
സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യത്തിലധികം ലീവ് ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊലീസ് സേനാംഗങ്ങൾ ഊണും ഉറക്കവും ഒഴിഞ്ഞ് ജോലി ചെയ്തത്. ക്യാമ്പിൽ ഉണ്ടായിരുന്നവരെ ട്രെയിനിംഗ് താൽക്കാലികമായി നിർത്തിവെച്ച് വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിർത്തിയിരുന്നു. ആവശ്യത്തിന് പൊലീസ് ഫോഴ്സ് ഇല്ലാത്തതുകൊണ്ട് കൊവിഡിന് മുമ്പ് പോലും കൃത്യമായ അവധി പൊലീസ് സേനാംഗങ്ങൾക്ക് ലഭിച്ചിരുന്നില്ല.
ബൈറ്റ്
സർക്കാരിന്റെ പുതിയ ഉത്തരവ് നടപ്പിലാക്കുന്നത് കഠിനമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കും. ഓരോ ആഴ്ചയും ഡ്യൂട്ടിയിലുള്ള പകുതിപേർക്ക് വിശ്രമം നൽകി സേനാംഗങ്ങളുടെ ജീവിതരീതി മാറ്റുകയും ഉന്മേഷം വർദ്ധിപ്പിക്കുകയും ചെയ്യുന്ന തീരുമാനം കൈകൊണ്ട സർക്കാരിനെയും ഡി.ജി.പിയെയും അഭിനന്ദിക്കുന്നു.
പി.പി. മഹേഷ് ( കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കാസർകോട് ജില്ലാ സെക്രട്ടറി)