കണ്ണൂർ: കൊവിഡ് കാലത്ത് അവർ തലങ്ങും വിലങ്ങും രാത്രിയും പകലുമില്ലാതെ ഓടിയത് കാരുണ്യത്തിന്റ റൂട്ടിലായിരുന്നു. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച കേരളത്തിന്റെ ഉത്തര മേഖലയിലെ പ്രവർത്തനങ്ങളിൽ താരമായത് 108 ആംബുലൻസുകൾ. കൊവിഡ് കാലത്ത് 108 ആംബുലൻസ് ഓടിയത് രണ്ടര ലക്ഷത്തിലേറെ കിലോ മീറ്ററുകൾ.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ഉൾപ്പെടുന്ന ഉത്തര മേഖലയിൽ കൊവിഡിനെ പിടിച്ചുകെട്ടുന്നതിനായി 45 ആംബുലൻസുകളാണ് രാത്രിയും പകലുമായി സർവീസ് നടത്തിയത്. രോഗികൾക്കായും രോഗം സംശയിക്കുന്നവർക്കും വേണ്ടിയായിരുന്നു ഈ ഓട്ടം.
ആംബുലൻസുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ ഇടപെടലിലൂടെ വർക്ക്ഷോപ്പ് തുറന്നു പ്രവർത്തിപ്പിച്ചതും ഇവർക്ക് സഹായകമായി. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ, ജില്ലാ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കൊറോണ സെല്ലുമായുള്ള മികച്ച ഏകോപനം, ആത്മാർഥതയുള്ള ആംബുലൻസ് ജീവനക്കാർ എന്നിവർ കൈകോർത്തപ്പോഴാണ് അഭിമാനകരമായ നേട്ടമുണ്ടായത്.
108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ജി.വി.കെ എമർജൻസി മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജില്ലാ കോഓർഡിനേറ്റർമാരായ എ. ഹിരോഷ് (കാസർകോട്), അഭിജിത്ത് സഹദേവൻ (കണ്ണൂർ), അൽവിൻ ജോസഫ് (കോഴിക്കോട്) എന്നിവർ ജില്ലാ ആരോഗ്യ വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നു. മേഖലാ ചുമതലയുള്ള പ്രോഗ്രാം മാനേജർ കെ.പി.രമേശനാണ് ഇവയുടെ ഏകോപനം നിർവഹിച്ചത്.