കാസർകോട്: തെങ്ങിന്റെ കൂമ്പ് ചീയലും കവുങ്ങിന്റെ മഹാളി രോഗവും തടയുന്നതിന് കാലവർഷാരംഭത്തിൽ തന്നെ കുമിൾ നാശിനി തെളിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. അനിത കരുൺ നിർദ്ദേശിച്ചു.

അന്തരീക്ഷ താപനില വളരെ കുറഞ്ഞിരിക്കുകയും ആർദ്രത കൂടിയിരിക്കുകയും ചെയ്യുന്ന വർഷക്കാലങ്ങളിലാണ് ഈ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

പതിവായി രോഗബാധ കാണാറുള്ള തെങ്ങിൻ തോപ്പുകളിൽ കൂമ്പ് ചീയൽ രോഗം വരാതിരിക്കുവാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് തെങ്ങിന്റെ മണ്ട വൃത്തിയാക്കി മഴക്കാലങ്ങളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കുക. 45 ദിവസത്തിനു ശേഷം ആവർത്തിക്കുക.

കവുങ്ങിന്റെ മഹാളി രോഗം നിയന്തിക്കുവാനും വ്യാപിക്കാതിരിക്കുവാനും മേയ് അവസാന ആഴ്ചയിലോ, ജൂൺ ആദ്യത്തെ ആഴ്ചയിലോ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കുലകളിൽ തെളിച്ച് കൊടുക്കേണ്ടതാണ്. 30 മുതൽ 45 ദിവസ കാലയളവിൽ ഒരിക്കൽ കൂടി ഇത് ആവർത്തിക്കേണ്ടതാണ്. തെളിഞ്ഞ ആകാശത്തോടു കൂടിയ ദിവസങ്ങളിൽ ബോർഡോ മിശ്രിതം തെളിക്കുന്നതാണ് അഭികാമ്യമെന്നും സി.പി.സി.ആർ.ഐ ഡയറക്ടർ പറഞ്ഞു.