ആലക്കോട്: റോഡ് നവീകരണത്തിന്റെ ഭാഗമായി കരാറുകാർ നാട്ടുകാരെ ദ്രോഹിക്കുന്നതായി പരാതി. വായാട്ടുപറമ്പ് കവല -ഓർക്കയം -വിളക്കന്നൂർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നാട്ടുകാരാണ് പരാതിയുന്നയിക്കുന്നത്.

ഒരുവർഷം മുമ്പാണ് ഈ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്. ഇതിൽ വിളക്കന്നൂർ മുതൽ ഓർക്കയം വരെയുള്ള ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാംഘട്ടത്തിന്റെ പ്രവൃത്തി ലോക്ക്ഡൗണിനെതുടർന്ന് വൈകുകയായിരുന്നു. കഴിഞ്ഞാഴ്ച റോഡ് നിർമ്മാണം വീണ്ടും ആരംഭിക്കുകയും റോഡിനിരുവശത്തും ഓവുചാൽ നിർമ്മിക്കുന്നതിന് മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കുകയുമായിരുന്നു. ഇതിനെത്തുടർന്ന് പഞ്ചായത്ത് റോഡുകളും വീടുകളിലേയ്ക്കുള്ള വഴികളും അടഞ്ഞ നിലയിലാണ്.

മണ്ണ് നീക്കി അഞ്ച് ദിവസം കഴിഞ്ഞിട്ടും ബാക്കി ജോലികൾ തുടങ്ങാത്തത് പ്രദേശവാസികൾക്ക് കടുത്ത ദുരിതമായിരിക്കുകയാണ്. റോഡ് നവീകരണത്തിന്റെ പേരിൽ പൊതുവഴികൾ തടസപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.