കാലിക്കടവ്: പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലിക്കടവ് മിനി സ്റ്റേഡിയം നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണത്തിന് കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നൽകി.

കാസർകോട് വികസന പാക്കേജിന്റെ ഭാഗമായിട്ടുളള ഒന്നാംഘട്ടത്തിൽ 2.35 കോടി രൂപയുടെ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിട്ടുളളത്. എട്ട് മീറ്റർ ഉയരത്തിൽ ട്രസ്സ്ഡ് റൂഫ് മേൽക്കൂരയോട് കൂടിയ സ്റ്റേജ്, 20 സെന്റിമീറ്ററിൽ കൂടാതെ മണ്ണിട്ട് ഉയർത്തിയ ഗ്രൗണ്ട്, രണ്ട് നിലകളിലായി വനിതാ കായിക താരങ്ങൾക്കും പുരുഷ കായിക താരങ്ങൾക്കും പ്രത്യേകം വിശ്രമ മുറികളും, താമസ സൗകര്യവും ശൗചാലയങ്ങളും ഓഫീസ് റൂം മറ്റ് അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് നില കെട്ടിടത്തിന്റെ ഇരുവശങ്ങളിലായി ആറ് വരികളിലായി കോൺക്രീറ്റ് ഗാലറി സൗകര്യവും ഒരുക്കും. കൂടാതെ ബോർവെൽ ഉൾപ്പെട്ടുളള ജലവിതരണ സൗകര്യങ്ങൾ, കെട്ടിടത്തിന്റെ വൈദ്യുതീകരണം എന്നിവയ്ക്കും പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിട്ടുളളതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
സ്റ്റേഡിയം നിർമ്മാണത്തിനായി തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലനും പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ശ്രീധരനും നിവേദനം നൽകിയിരുന്നു.

2.35 കോടി

2 കോടി -പാക്കേജിൽ നിന്ന്

35 ലക്ഷം- പിലിക്കോട് പഞ്ചായത്ത്