മാഹി: മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 18 ന് ദുബായിൽ നിന്നുമെത്തിയ ഈസ്റ്റ് പള്ളൂരിലെ 61കാരനാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇയാളെ നേരിട്ട് മാഹി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 13നായിരുന്നു ഉംറ കഴിഞ്ഞെത്തിയ 66കാരിക്ക് ആദ്യമായി മാഹിയിൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഏപ്രിൽ 7ന് ചെറുകല്ലായിലെ കുന്നുംപുറത്ത് മഹറൂഫിന് രോഗം സ്ഥിരീകരിക്കപ്പെടുകയും, 11 ന് മരണപ്പെടുകയും ചെയ്തു. പിന്നീട് മേയ് ഒന്നിന് വിദേശത്തു നിന്നും വന്ന ചെറുകല്ലായിലെ 61 കാരനും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു.
മാഹിയിൽ ഇപ്പോൾ 520 പേർ ക്വാറന്റൈയിനിലുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും,വിദേശങ്ങളിൽ നിന്നും വരുന്നവരെ വീടുകളിൽ നേരിട്ട് ക്വാറന്റൈൻ ചെയ്യുന്നതിന് പകരം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബ്ബന്ധിതമാക്കണമെന്ന് ജനശബ്ദം മാഹി ആവശ്യപ്പെട്ടു.