കാസർകോട്: കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പുതുറ സമയത്ത് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ് നെല്ലിക്കുന്നിലെ തൈവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ വീടിന്റെ വാതിൽ തുറന്നത്. മുമ്പിൽ ഹെൽമെറ്റ് ധരിച്ച ഒരു പയ്യൻ. 'നെയ്ചോറും കറിയുമാണ്, ഇത് വാങ്ങണം '- നിർബന്ധിച്ച് പൊതി നൽകിയ പയ്യനോട് കാര്യമന്വേഷിച്ചപ്പോൾ ഒരാൾ ഇവിടെ തരാനായി തന്നുവിട്ടതാണെന്ന് മാത്രമായിരുന്നു മറുപടി. പയ്യൻ ഉടൻ സ്ഥലംവിട്ടു.
പൊതി അഴിച്ചു നോക്കിയപ്പോൾ നെയ്‌ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതിയും. പൊതി അഴിച്ചുനോക്കിയപ്പോൾ ഒരു പവൻവീതമുള്ള രണ്ട് സ്വർണ നാണയവും കടലാസിൽ എഴുതിയ കുറിപ്പും.
'അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം തരാൻ സാധിച്ചില്ല. അതിനു പകരമായി ഈ പവൻ നീ സ്വീകരിച്ച് എനിക്ക് മാപ്പ് തരണം എന്ന് അപേക്ഷിക്കുന്നു' എന്നായിരുന്നു കുറിപ്പിൽ.
വീട്ടുകാർ ഉടൻ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ആർക്കും വിശ്വസിക്കാനായില്ല. 20 വർഷം മുമ്പ് ഒരു വിവാഹ വീട്ടിൽ വച്ച് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒന്നര പവന്റെ കമ്മൽ തിരച്ചിലിൽ തിരികെ കിട്ടി. പക്ഷേ രണ്ട് പവന്റെ മാല കിട്ടിയില്ല.
ആ സംഭവം വീട്ടുകാർ മറന്നിരിക്കെയാണ് അജ്ഞാതൻ സ്വർണനാണയം എത്തിച്ചത്. 'തൊണ്ടിമുതൽ' തിരികെ എത്തിച്ച നല്ല മനസിന്റെ ഉടമയെ കണ്ടെത്താൻ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ ഇബ്രാഹിമിന്റെ കുടുംബം.